Friday, November 25, 2011

“ഭ്രാന്തന്‍ ഉപ്പൂപ്പന്റെ ജാറം”

ഭ്രാന്തന്‍ ഉപ്പൂപ്പന്റെ ജാറം

വര്‍ത്തമാനജ്ജ്വരം ഒഴുകുന്ന വീഥിയ്ക്കരികില്‍ ഏതിനും സാക്ഷിയായി പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന അക്കേഷ്യമരചുവട്ടില്‍ അജ്ഞാതനായ അയാളെ പലപ്പോഴും കണ്ടിട്ടുണ്ട്‌. മുജ്ജന്മത്തിന്റെ കര്മ്മബാക്കി പോലെ കവലയിലെ ഹോട്ടലുകളില്‍ വിറക്‌ കീറാനും വെള്ളമെത്തിയ്കകാനും സന്നദ്ധനായി ഒരു ആജ്ഞാനുവര്തി. കൂലിക്കണക്കിന്റെ പുകച്ചില്‍ തലകളിലേന്തി പുരുഷാരം ചരിയ്ക്കുമ്പോള്‍, ഒന്നും കണക്കു പറഞ്ഞ് മേടിയ്ക്കാതെ, തനിയ്ക്ക് അര്‍ഹിച്ചതു കിട്ടിയെന്നു കരുതി സംതൃപ്ത മുഖമോടെ നില്‍ക്കും. ഔചിത്യം ആവശ്യക്കാരനില്ലാത്ത കാലത്ത് ആരുടെ മുന്നിലും കൈ നീട്ടാത്ത അയ്യാള്‍ ലോകവൈകൃതങ്ങളുടെ വൈരുദ്ധ്യം ആവാഹിച്ചങ്ങനെ നില്‍ക്കും . വിളിക്കാന്‍ ഒരു പേര് ഇല്ലാഞ്ഞിട്ടായിരിക്കാം അയാളെ എല്ലാവരും ഭ്രാന്തനെന്നു വിളിച്ചു.


ചിലപ്പോള്‍ ആഴ്ച്ചകളോളം പണിക്ക് പോകാതെ തന്‍റെ നീണ്ട താടി തടവി നിശബ്ദനായി ഏതോ ചിന്തയിലമരുകയാണ് എന്ന ഭാവത്തില്‍ ഇരിക്കും. വികാരങ്ങളുടെ അച്ചുതണ്ടില്‍ നിന്നും എന്നോ ഭ്രമണം തെറ്റിയെന്നു ലോകത്തെ തെറ്റിദ്ധരിപ്പിച്ച അയാള്‍ ചിരിക്കുന്നതും കരയുന്നതും ആരും കണ്ടിട്ടില്ല. വളരെ വൃത്തിയോടെ നടക്കുമെങ്കിലും കുളിക്കുന്നതും മലമൂത്രവിസര്‍ജനം നടത്തുന്നതും ആരും കണ്ടിട്ടില്ല...


അയാളെ കുറിച്ച് പലരും പലതും പറയാറുണ്ട്‌.

ബീഡിതെറുക്കുന്ന ശങ്കരന്‍ പറഞ്ഞു ഏതെങ്കിലും കേസ്സ് തെളിയിക്കാന്‍ വേഷം മാറി നടക്കുന്ന വല്ല CBI യും ആയിരിയ്ക്കുമെന്ന്. ഏതോ വലിയ പിടികിട്ടാപ്പുള്ളിയാണ് ആളറിയാതിരിക്കാന്‍ വേഷം മാറി നടക്കുന്നതായിരിയ്ക്കുമെന്നാണ് ചയ്യക്കട വറീദിന്റെ ഭാഷ്യം. ചിലപ്പോള്‍ ഒരു അവദൂതതന്‍ ആകാമെന്ന് ടെയിലര്‍ വര്‍ഗ്ഗീസും. കുട്ടികള്‍ക്കും, സാധാരണകാര്‍ക്കും അയാള്‍ വെറും ഒരു ഭ്രാന്തന്‍ മാത്രമാണ്. പാവം ഭ്രാന്തന്‍...


വര്‍ഷങ്ങള്‍ കടന്നു പോയി. വലിയോരു ആവാസവ്യവസ്ഥയുടെ തഴമ്പുള്ള ആ മരചുവട്ടില്‍ തന്നെ കിടക്കുകയും ചാരി ഇരുന്നു പിറുപിറുക്കുകയും ചെയ്യുന്ന അയ്യാള്‍ ഒരു സ്ഥിരം കാഴ്ചയായി മാറിയാതിനാല്‍ ആകണം ഇപ്പോള്‍ അത്ഭുതകഥകള്‍ ഒന്നും പറഞ്ഞു കേള്‍ക്കാതെയായി.
അങ്ങിനെയിരിക്കുബോള്‍ ഒരു ദിവസം മരച്ചുവട്ടില്‍ അയാള്‍ ഒരു വലിയ കുഴികുത്തുന്നത് നാട്ടുകാര്‍ കണ്ടു, വല്ലാത്ത മുഖഭാവമോടെ ആഞ്ഞു കുഴിക്കുന്ന അയാളെ കണ്ടവരൊക്കെ പറഞ്ഞു ഇന്നിത്തിരി കൂടുതലെന്നു തോന്നുന്നു.


പിറ്റേന്ന് പുലര്‍ച്ചെ ആ കുഴിയുടെ അരികില്‍ മരിച്ചു കിടക്കുന്ന അയ്യാളെയാണ് എല്ലാവരും കാണുന്നത്,
അവിടെ കൂടിയവരില്‍ ഭൂരിപക്ഷം പേര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. ഈ ഭ്രാന്തന്‍ ആളൊരു ഒരു സിദ്ധനാണ്. ഇയാള്‍ക്ക് മരിക്കാനുള്ള സമയം വരേ മുന്‍കൂട്ടി അറിയാം ആയിരുന്നു. അതിനാലാണ്‌ അയാള്‍ ആ കുഴി കുഴിച്ചത്‌ . അത് കൊണ്ട് ആ കുഴിയില്‍ തന്നെ അയാളെ അടക്കം ചെയ്യണം . നാട്ടുകാരില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായത്തെ മാനിച്ചു അയാളെ ആ കുഴിയില്‍ തന്നെ അടക്കം ചെയ്തു.


ഭ്രാന്തന്‍റെ അത്ഭുത കഥകള്‍ കേട്ടറിഞ്ഞ് പലരും അവിടെ വരാന്‍ തുടങ്ങി. ചിലര്‍ ആ കുഴിമാടത്തിനരികില്‍ നിന്ന് പ്രാര്‍ത്ഥിക്കുകയും ആഗ്രഹസഫലീകരണത്തിനായി ചില്ലറത്തുട്ടുകള്‍ നിക്ഷേപിക്കാനും തുടങ്ങി. ഇത് കണ്ട ഒരു വിദ്വാന്‍ പച്ച പുതപ്പ് ഇട്ട് കുഴിമാടം മൂടുകയും അതിനെ ഒരു ജാറം ആക്കി മാറ്റുകയും ചെയ്തു. അയാള്‍ ഒരു പരിപലകനെ പോലെ അതിനെ ചുറ്റിപറ്റി നടക്കുകയും അവിടത്തെ വരുമാനം ഒരു ജീവിത മാര്‍ഗം ആക്കുകയും ചെയ്തു പോന്നു...

കാലക്രമേണ അയാളും ജാറവും പച്ചപിടിച്ചു തുടങ്ങിയ ലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങി. ഇന്ന് അവിടത്തെ സ്ഥിതി ആകെ മാറിയിരിക്കുന്നു. ആ കുഴിമാടത്തിനു ചുറ്റും വേലി കെട്ടി തിരിച്ചിരിക്കുന്നു. ആ മരത്തിന് ചുറ്റും ഒരു തറ പണിയുകയും ആ തറയും നിലവും സിമന്‍റ് തേച്ചു മിനുക്കുകയും ചെയ്തിരിക്കുന്നു. മുന്നില്‍ തന്നെ ഇരുമ്പ് ബോര്‍ഡില്‍ ഇങ്ങനെ ഒരു പേരും എഴുതി തൂക്കിയിരിക്കുന്നു ഭ്രാന്തന്‍ ഉപ്പുപന്റെ ജാറം”.


ഭ്രാന്തന്‍ ജാറത്തില്‍ വരുമാനം കൂടുന്നത് അനുസരിച്ച് നാട്ടില്‍ പല പല അത്ഭുത കഥകളും പരക്കാന്‍ തുടങ്ങി. ഈ വരുമാനത്തില്‍ കണ്ണ് വെച്ച് പല കുബുദ്ധികളും ആ കുഴിമാടം കൈക്കലാക്കാന്‍ ശ്രമം തുടങ്ങി.


കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയ ഒരു ദിവസം നാട്ടില്‍ ഇങ്ങനെ ഒരു വാര്‍ത്ത പരക്കാന്‍ തുടങ്ങി.
ഭ്രാന്തന്റെ ഉപ്പുപ്പ ഹിന്ദുവാണെന്നും അതിനാല്‍ ആ ജാറം ഹിന്ദുക്കള്‍ക്ക്‌ അവകാശപെട്ടതാണെന്നും ആയിരുന്നു ആ വാര്‍ത്ത‍. പോരെ പൂരം പലരും അത് ഏറ്റു പിടിച്ചു, സംഭവും അമ്പലക്കമ്മറ്റിയില്‍ ചര്‍ച്ചയായി. ഇതറിഞ്ഞ പള്ളിക്കമ്മറ്റിക്കാരും വെറുതെ ഇരുന്നില്ല. നാട്ടില്‍ പലയിടത്തും ആളുകള്‍ കൂട്ടും കൂട്ടമായി നിന്ന് ചര്‍ച്ച ചെയ്യാന്‍ തുടങ്ങി.

പതുക്കെ പതുക്കെ പുകഞ്ഞു തുടങ്ങിയ ആ വിഷയം ആളിക്കത്താന്‍ തുടങ്ങി. ഗ്രാമത്തിലെ ക്രമസമാധാനം തകര്‍ക്കുന്നതിലെക്ക് വരെ കാര്യങ്ങള്‍ എത്തി . ഒരു ദിവസം അര്‍ദ്ധരാത്രിയില്‍ ഹിന്ദുക്കള്‍ ആ കുഴിമാടം കൈയ്യേറുകയും കാവി പുതപ്പിക്കുകയും ചെയ്തു. പിറ്റേന്ന് തന്നെ നാട്ടില്‍ വര്‍ഗിയ കലാപം പൊട്ടി പുറപെട്ടു. പോലീസും പട്ടാളവും സഥലത്ത് എത്തി വെടിവെപ്പും ബോംബേറും നടന്നു.

കേസ്‌ കോടതിയിലെത്തി. മാറിമാറി വരുന്ന സര്‍ക്കാരുകളും രാഷ്ട്രിയക്കാരും ഇതില്‍ മുതലെടുപ്പ്‌ നടത്തി കൊണ്ടിരുന്നു. ഇതിനിടയില്‍ കുഴിമാടം പൊളിച്ചു നീക്കണമെന്നും റോഡിന്റെയും നാടിന്റെയും വികസനത്തിന്‌ വിലങ്ങു തടി ആണെന്ന് പറഞ്ഞു യുക്തിവാദിസംഘടനയും കേസില്‍ കക്ഷി ചേര്‍ന്നു. കേസില്‍ വാദം കേള്‍ക്കുക അല്ലാതെ വിധി പറയാന്‍ ഒരു ജഡ്ജിയും ധൈര്യം കാണിച്ചില്ല.

നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം കോടതിവിധി വന്നു. നാലു ജഡ്ജിമാര്‍ ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കി. വിധി ഇങ്ങനെയായിരുന്നു. ജാറത്തിന്‍റെ വലതുവശം മുസ്ലിംങ്ങള്‍ക്കും, ഇടതുവശം ഹിന്ദുക്കള്‍ക്കും, പിന്‍ഭാഗം അവസാനം കേസില്‍ കക്ഷി ചേര്‍ന്ന യുക്തിവാദി സംഘത്തിനും. മുന്‍ഭാഗം കോടതിറീസിവറുടെ മേല്‍നോട്ടത്തിലും.


കോടതി വിധി വന്ന പിറ്റേദിവസം വിധി തങ്ങള്‍ക്ക് അനുകൂലമായിരുന്നു എന്ന് അവകാശപ്പെടുന്നതോടപ്പം തന്നെ ജാറത്തിന്‍റെ വലതു വശത്തും, ഇടതുവശത്തും പിന്നിലുമായി പുതിയ മൂന്ന് ഭണ്ഡാരപ്പെട്ടികള്‍ പണിയുന്ന തിരക്കില്‍ ആയിരുന്നു മൂന്ന് കൂട്ടരും.

പണ്ട് ആരുടെ മുന്നിലും കൈ നീട്ടാത്ത, ജാതിയും മതവും എന്തിനേറെ സ്വന്തം പേര് പോലും പറയാത്ത ആ ഭ്രാന്തനില്‍ നിന്നുയര്‍ന്ന ഒരു ജല്പനതിന്റെ അര്‍ത്ഥം മനസിലാക്കി അസഹ്യതപൂണ്ട് ആ അക്കേഷ്യമരം ഇലകള്‍ കൂമ്പി നിന്നു.